348 പേരുമായി പറന്ന വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 11 പേർക്ക് പരിക്ക്

348 പേരുമായി പറക്കുകയായിരുന്ന വിമാനം ആകാശച്ചുഴിയിൽ പെട്ട് 11 പേർക്ക് പരിക്കേറ്റു. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന ലുഫ്താൻസയുടെ LH-511 വിമാനത്തിലായിരുന്നു സംഭവം.

യാത്രക്കാർക്ക് ആവശ്യമായ വൈദ്യ സഹായം ലഭ്യമാക്കിയതായി കമ്പനി പിന്നീട് അറിയിച്ചു. ബോയിങ് 747-8 വിഭാഗത്തിൽപ്പെടുന്ന വിമാനത്തിൽ 329 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരിൽ ആറ് ജീവനക്കാർക്കും അഞ്ച് യാത്രക്കാർക്കും പരിക്കേറ്റതായും ആരുടെയും പരിക്കുകൾ സാരമുള്ളതായിരുന്നില്ലെന്നും കമ്പനി വക്താവ് അറിയിച്ചു.

എന്നാൽ യാത്രയുടെ ഒരു ഘട്ടത്തിലും വിമാനത്തിന്റെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകൾ ഉണ്ടായിട്ടില്ലെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 10.53ന് മുൻനിശ്ചയിച്ച പ്രകാരം തന്നെ വിമാനം ഫ്രാങ്ക്ഫർട്ടിൽ ലാന്റ് ചെയ്തു.

അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ ഇന്റർട്രോപ്പിക്കൽ കൺവർജൻസ് സോണിൽ വെച്ചാണ് വിമാനം ആകാശച്ചുഴിയിൽ വീണത്. അസ്ഥിരമായ കാലാവസ്ഥ പതിവായ മേഖലയാണിത്. ബ്യൂണസ് അയേഴ്സിൽ നിന്ന് പറന്നുയർന്ന് അൽപ നേരം കഴി‌ഞ്ഞപ്പോൾ തന്നെ പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെട്ടിരുന്നത്. യാത്രയ്ക്കിടെ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റതെന്നും വ്യോമയാന വെബ്‍സൈറ്റുകൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top