
kuwait police;കുവൈറ്റിൽ പലചരക്കു കടക്കാരനെ കാറില്‍ വലിച്ചിഴച്ച് ഡ്രൈവര്‍, കൊടും ക്രൂരത
Kuwait police;കുവൈറ്റ് സിറ്റി: പലചരക്ക് കടയില്‍ നിന്ന് വാങ്ങിയ സാധനങ്ങളുടെ തുക കൊടുക്കാതിരിക്കുകയും പ്രവാസിയായ പലചരക്ക് തൊഴിലാളിയെ മനഃപൂര്‍വ്വം കാറിന്റെ ജനാലയില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് ഏകദേശം 30 മീറ്ററോളം ഓടിച്ച അജ്ഞാത വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ജഹ്‌റ ഇന്‍വെസ്റ്റിഗേഷന്‍സ് യൂണിറ്റിന് നിര്‍ദ്ദേശം നല്‍കി. ആക്രമണത്തില്‍ പ്രവാസിയായ തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റു. അദ്ദേഹം ഇപ്പോള്‍ ജഹ്‌റ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

റോഡില്‍ ഗുരുതരമായി പരുക്കേറ്റു കിടക്കുകയായിരുന്ന പ്രവാസിയെ വഴിയാത്രികരാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിയുടെ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് പ്രവാസിയുടെ മുഖത്തും തലയോട്ടിയിലും വലതുകാലിലും ഇടത് കാല്‍മുട്ടിലും ചതവുകളും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പരുക്കുകളും സംഭവിച്ചിട്ടുണ്ട്. പ്രവാസിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവം കണ്ട ഒരു സാക്ഷി ആക്രമണത്തെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ, ഞാന്‍ എന്റെ വാഹനത്തില്‍ ഇരിക്കുമ്പോള്‍ ഇര ജോലി ചെയ്യുന്ന പലചരക്ക് കടയുടെ മുന്നില്‍ ഒരു ഫോര്‍വീലര്‍ വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു. ഓര്‍ഡര്‍ ഡെലിവറി ചെയ്തപ്പോള്‍ പ്രതിയും പലചരക്ക് കടക്കാരനും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രതി കാറിന്റെ ഗ്ലാസ് അടച്ചു. തൊഴിലാളി അതില്‍ പിടിച്ചു. പ്രതി ഏകദേശം 30 മീറ്ററോളം ഇരയെ വലിച്ചിഴച്ചുകൊണ്ട് വാഹനം ഓടിച്ചു. തുടര്‍ന്ന് പെട്ടെന്ന് ജനല്‍ തുറന്നതോടെ തൊഴിലാളി നിലത്തു വീഴുകയായിരുന്നു. പ്രതിയുടെ വാഹനത്തിന്റെ നമ്പര്‍ ഇയാള്‍ പൊലിസിന് നല്‍കി. പൊലിസ് അന്വേഷണത്തില്‍ പ്രതിക്കെതിരെ മുമ്പ് ഒരു മോഷണക്കേസ് രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
Comments (0)