
കുവൈത്തിൽ പൗരത്വം റദ്ദാക്കപ്പെട്ടവർക്ക് സാമ്പത്തിക സഹായം: വിശദാംശങ്ങൾ ചുവടെ
കുവൈത്തിൽ പൗരത്വം റദ്ദാക്കപ്പെട്ടവർക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകാൻ പദ്ധതിയുമായി സാമൂഹിക ക്ഷേമ മന്ത്രാലയം. ഇവരിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച് തുടങ്ങി. രാഷ്ട്രനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ആയിരക്കണക്കിന് ദീനാർ മാനുഷിക പരിഗണനയിൽ സഹായമായി നൽകുന്നത്.

അതേസമയം, അനധികൃതമായി സ്വന്തമാക്കിയ പൗരത്വം മുഖം നോക്കാതെ റദ്ദാക്കാൻ തന്നെയാണ് അധികൃതരുടെ തീരുമാനം. എത്ര ഉന്നതസ്ഥാനം വഹിക്കുന്നവരാണെങ്കിലും എത്രകാലം മുമ്പ് നേടിയതാണെങ്കിലും വ്യാജരേഖ ഉപയോഗിച്ചോ അനധികൃതമായോ സ്വന്തമാക്കിയ പൗരത്വം റദ്ദാക്കും. പതിറ്റാണ്ടുകൾക്ക് മുമ്പ് സ്വന്തമാക്കിയ പൗരത്വവും ഇത്തരത്തിൽ റദ്ദാക്കിയിട്ടുണ്ട്.
വിവിധ മന്ത്രാലയങ്ങളിലെ ഉന്നത തസ്തികയിൽ ഇരിക്കുന്നവർക്കും പൗരത്വം നഷ്ടമായി. പ്രത്യേക സമിതി രൂപവത്കരിച്ച് പഴയ ഫയലുകൾ ഉൾപ്പെടെ സൂക്ഷ്മ പരിശോധന നടത്തിവരുകയാണ്. സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസങ്ങളിലെ പരിശോധനയിൽ പതിനായിരക്കണക്കിന് പേരുടെ പൗരത്വമാണ് കുവൈത്ത് റദ്ദാക്കിയത്.
കുവൈത്തികൾക്കുള്ള വിവിധ സർക്കാർ ആനുകൂല്യങ്ങൾ സ്വന്തമാക്കാനാണ് അനധികൃതമായി പൗരത്വം നേടുന്നത്. പാർപ്പിടവും സൗജന്യ വിദ്യാഭ്യാസ- ചികിത്സ സൗകര്യങ്ങളും റേഷൻ ഉൾപ്പെടെ ആനുകൂല്യങ്ങളുമാണ് ആളുകളിൽ കുവൈത്തി പൗരത്വം നേടാനുള്ള ആഗ്രഹമുണ്ടാക്കുന്നത്. പാസ്പോർട്ട് – പൗരത്വ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പണവും പാരിതോഷികങ്ങളും നൽകിയാണ് നിരവധി പേർ കുവൈത്തി പൗരത്വം കരസ്ഥമാക്കിയത്.
Comments (0)