
kuwait civil id: കുവൈറ്റിൽ സിവിൽ ഐഡി ഉപയോഗിച്ച് മറ്റുള്ളവർക്ക് നാട്ടിൽ പണമയക്കുന്നവരെ കാത്തിരിക്കുന്നത് വൻ നിയമക്കുരുക്കുകൾ
Kuwait civil id;കുവൈത്ത് സിറ്റി : കുവൈത്തിലെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ വേണ്ടി രാജ്യത്തെ എക്സ്ചേഞ്ചുകൾ വഴി പണമിടപാടുകൾ നടത്തി സഹായിക്കുന്നവർ ജാഗ്രതൈ. രാജ്യത്തെ എക്സ്ചേഞ്ചുകൾ വഴി മറ്റൊരാൾക്ക് വേണ്ടി പണമിടപാടുകൾ നടത്തുന്നവർക്ക് എതിരെ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആവർത്തിക്കുന്നവർ അധികൃതർക്ക് മുന്നിൽ വിശദീകരണം നൽകേണ്ടി വരികയും ഇവ തൃപ്തികരമല്ലെങ്കിൽ നിയമ നടപടികൾക്ക് വിധേയരാകേണ്ടി വരികയും ചെയ്യും.

പുതിയ നിയന്ത്രങ്ങൾ പ്രകാരം എക്സ്ചെഞ്ചുകൾ വഴി കേവലം 50 ദിനാർ പോലും മറ്റൊരാൾക്ക് കൈമാറുമ്പോൾ അതിന്റെ യഥാർത്ഥ ഗുണഭോക്താവിനെ സ്ഥിരീകരിക്കേണ്ടതായി വരും . പ്രത്യേകിച്ച്, സ്ഥിരമായി ഒരേ തുക ആവർത്തിച്ച് അയക്കുന്ന ഇടപാടുകൾ കൂടുതൽ നിരീക്ഷണവിധേയമാകും. പണം വെളുപ്പിക്കൽ കുറ്റ കൃത്യം തടയുന്നതിന്റെ ഭാഗമായി കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്തിറക്കിയ പുതിയ നിർദേശങ്ങൾ ശക്തമായി നടപ്പാക്കുവാൻ രാജ്യത്തെ എല്ലാ മണി എക്സ്ചേഞ്ച് കമ്പനികളും നിർബന്ധിതരായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കളുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ എക്സ്ചെഞ്ച് കമ്പനികൾ 5 വർഷം വരേയ്ക്കും കൃത്യമായി സൂക്ഷിക്കണം..ഒരു ദിവസം 3,000 ദിനാർ അല്ലെങ്കിൽ അതിന് തുല്യമായ മറ്റ് കറൻസികളുടെ ഇടപാടുകൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുവാനും മോഷണം പോലുള്ള നിയമവിരുദ്ധവും ,സംശയകരവുമായ ഇടപാടുകൾ പരിശോധിക്കുവാൻ ഓട്ടോമേറ്റഡ് സിസ്റ്റം സ്ഥാപിക്കുവാനും സെൻട്രൽ ബാങ്ക് എക്സ്ചേഞ്ചുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമെ സെൻട്രൽ ബാങ്ക് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഉപഭോക്താവിന്റെ എല്ലാ സാമ്പത്തിക ഇടപാടു കളുടെയും വിവരങ്ങൾ നൽകുവാൻ എക്സ്ചേഞ്ച് കമ്പനികൾ ബാധ്യസ്ഥരായിരിക്കും.കുവൈത്തിലെ സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപ്രവർത്തകർ എന്നിവർക്ക് വേണ്ടി സ്വന്തം സിവിൽ ഐ ഡി ഉപയോഗിച്ച് നാട്ടിലേക്ക് പണം അയക്കുവാൻ സഹായിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ വൻ നിയമ കുരുക്കിൽ അകപ്പെടാൻ കാരണമാകുന്നതാണ് പുതിയ നിയന്ത്രണങ്ങൾ.
Comments (0)