Posted By Nazia Staff Editor Posted On

Kuwait law:വിവാഹത്തിനു മുൻപ് വൈദ്യ പരിശോധന; ഇനി മുതല്‍ പ്രവാസികള്‍ക്കും നിര്‍ബന്ധമെന്ന് കുവൈറ്റ്

Kuwait law;കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വച്ച് വിവാഹിതരാവാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കും വിവാഹ പൂര്‍വ വൈദ്യ പരിശോധന നിര്‍ബന്ധമാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയും. ഇതുമായി ബന്ധപ്പെട്ട 2008 ലെ 31-ാം നമ്പര്‍ നിയമത്തിനായുള്ള പുതുക്കിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ക്ക് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി അംഗീകാരം നല്‍കിയതായി മന്ത്രാലയം അറിയിച്ചു.ഇതുവരെ വിവാഹിതരാവുന്ന സ്വദേശികള്‍ക്കു മാത്രമായിരുന്നു മെഡിക്കല്‍ പരിശോധനകള്‍ നിര്‍ബന്ധമാക്കിയിരുന്നത്.

എന്നാല്‍ പുതിയ ഉത്തരവോടെ രാജ്യത്ത് നിന്ന് വിവാഹിതരാവുന്ന പ്രവാസികള്‍ക്കും ഈ പരിശോധനാ വ്യവസ്ഥ ബാധകമാണ്. പുതിയ നിയമഭേദഗതി ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിനുശേഷം ഏപ്രില്‍ 1 മുതല്‍ ഈ പുതുക്കിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക, സമൂഹത്തില്‍ ജനിതക, പകര്‍ച്ചവ്യാധി രോഗങ്ങളുടെ വ്യാപനം കുറയ്ക്കുക എന്നിവയാണ് വിവാഹ പൂര്‍വ മെഡിക്കല്‍ ടെസ്റ്റുകളിലൂടെ ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമത്തിലെ പുതുക്കിയ ചട്ടങ്ങളില്‍ പ്രധാന ഭേദഗതികളാണ് അധികൃതര്‍ വരുത്തിയിരിക്കുന്നത്.

പുതുക്കിയ നിയമത്തില്‍ മെഡിക്കല്‍ പരിശോധനകള്‍, കക്ഷികളുടെ ദേശീയത പരിഗണിക്കാതെ എല്ലാവര്‍ക്കും നിര്‍ബന്ധമാക്കി. ഇതുപ്രകാരം വിവാഹ പൂര്‍വ മെഡിക്കല്‍ പരിശോധനകളില്‍ കുവൈറ്റില്‍ നടക്കുന്ന എല്ലാ വിവാഹ കരാറുകളും ഉള്‍പ്പെടും. ഇതില്‍ വധുവും വരുനും കുവൈറ്റ് പൗരന്‍മാരാണെങ്കിലും ഇവരില്‍ ഒരാള്‍ കുവൈത്ത് പൗരന്‍ അല്ലെങ്കില്‍ പൗരയും രണ്ടാമത്തെയാള്‍ വിദേശിയും അല്ലെങ്കില്‍ രണ്ടു പേരും കുവൈറ്റ് പൗരന്‍മാര്‍ അല്ലാത്തവരും ആവുന്ന കേസുകളിലും പരിശോധന നിര്‍ബന്ധമാകും.

വിവാഹത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി വധൂവരന്‍മാരെ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയരാക്കുകയും ഏതെങ്കിലും രീതിയിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അവര്‍ക്ക് ഉണ്ടോ എന്ന് കണ്ടെത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വിവാഹത്തിനു മുൻപ് വൈദ്യ പരിശോധന; ഇനി മുതല്‍ പ്രവാസികള്‍ക്കും നിര്‍ബന്ധമെന്ന് കുവൈറ്റ്
ആറ് മാസത്തേക്കായിരിക്കും പരിശോധനാ ഫലത്തിൻ്റെ സാധുത. ഈ പരിശോധനയില്‍ സിക്കിള്‍ സെല്‍ അനീമിയ, തലസീമിയ തുടങ്ങിയ പാരമ്പര്യ രോഗങ്ങളും എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ പകര്‍ച്ചവ്യാധികളും പരിശോധനയ്ക്ക് വിധേയമാക്കും. പകര്‍ച്ചവ്യാധിയോ പാരമ്പര്യ രോഗങ്ങളോ കണ്ടെത്തിയാല്‍ അക്കാര്യം ഇരുവരെയും അറിയിക്കും. അതിനുശേഷം വിവാഹവുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന കാര്യത്തില്‍ അവര്‍ക്ക് തീരുമാനം എടുക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *