kuwait police:കുവൈറ്റിൽ 28 സ്ത്രീകള്‍ ഉള്‍പ്പെടെ 58 പേര്‍ അറസ്റ്റില്‍; കാരണം ഇതാണ്

Kuwait police; കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അനധികൃത താമസക്കാരെ കണ്ടെത്തി പിടികൂടുന്നതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായുള്ള സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി അധികൃതര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ എല്ലാ ഗവര്‍ണറേറ്റുകളിലും നടത്തുന്ന സമഗ്ര സുരക്ഷാ കാമ്പെയ്നുകളുടെ ഭാഗമായി സാല്‍മിയയിലും ഇന്നലെ പരിശോധനകള്‍ നടന്നു.പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്‍റെ സാന്നിധ്യത്തിലും നേരിട്ടുള്ള മേല്‍നോട്ടത്തിലുമായിരുന്നു സാല്‍മിയയിലെ സുരക്ഷാ പരിശോധനകള്‍. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയിഡുകള്‍ക്ക് ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ഖുദാ, പ്രത്യേക സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്‍റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല സഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വീടുകള്‍ക്കകത്തും മറ്റും പരിശോധന നടത്തുന്നതിനായി വനിതാ പോലിസുകാരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു

രാത്രി നടത്തിയ പരിശോധനകളില്‍ 2,763 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി ടിക്കറ്റുകള്‍ നല്‍കിയതായി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവയില്‍ അറിയിച്ചു. 30 പുരുഷന്മാരും 28 സ്ത്രീകളും ഉള്‍പ്പെടെ 58 പേരെ അറസ്റ്റ് ചെയ്യുകയും 10 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇവരില്‍ പലരും വിവിധ കേസുകളിലും മറ്റും പോലിസിന് പിടികൊടുക്കാതെ ഒളിച്ചു താമസിക്കുന്നവരായിരുന്നു. വരും ദിവസങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വിസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് നിശ്ചിത തുക പിഴ അടച്ച് രാജ്യത്ത് തുടരുകയോ പിഴ അടയ്ക്കാതെ രാജ്യം വിടുകയോ ചെയ്യുന്നതിനുള്ള അവസരം നല്‍കിയ പൊതുമാപ്പ് കാലാവധി കഴിഞ്ഞ ശേഷം അനധികൃത പ്രവാസികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ കുവൈറ്റ് ഊര്‍ജ്ജിതമാക്കിയിരുന്നു.

രാജ്യത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് അനധികൃത താമസക്കാരെയാണ് പോലീസ് ഇതിനകം അറസ്റ്റ് ചെയ്തത്. ഇവരെ നിയമപരമായ നടപടിക്രമങ്ങള്‍ക്കു ശേഷം നാടുകടത്തുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചുവരികയാണ്. ഇവര്‍ക്ക് വീണ്ടും കുവൈറ്റില്‍ പ്രവേശിക്കുന്നതിന് വിലക്കോടെയായിരിക്കും നാടുകടത്തുക.

അതിനിടെ, ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് ഒരാഴ്ചയ്ക്കിടെ നടത്തിയ വാഹന പരിശോധനകളില്‍ മൊത്തം 43,573 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ഇത്രയും പേര്‍ക്ക് ടിക്കറ്റ് നല്‍കുകയും ചെയ്തയായി അധികൃതര്‍ അറിയിച്ചു. 115 വാഹനങ്ങളും 50 മോട്ടോര്‍സൈക്കിളുകളും പരിശോധനകളില്‍ പിടിച്ചെടുത്തു. 46 ഇടങ്ങളില്‍ പോലീസ് ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചു കൊണ്ടായിരുന്നു പരിശോധന.

Comments (0)

Leave a Reply