ഭക്ഷണം കഴിക്കുന്നതിനിടെ പാരാഗ്ലൈഡർ ഇടിച്ചു; 15 കാരിയുടെ നാവ് പിളർന്നു!

ലണ്ടൻ: കുടംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ 15 കാരിയുടേ മേൽ പാരാഗ്ലൈഡർ ഇടിച്ച് ഗുരുതര പരിക്ക്. കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടീഷുകാരിയായ കൌമാരക്കാരി ലില്ലി നിക്കോൾ (15) ആണ് അപകടത്തിൽപ്പെട്ടത്.

തുർക്കിയിലെ ഒലുഡെനിസിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ലില്ലി. ഒരു റിസോർട്ടിലെ ലോബിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി പാരഗ്ലൈഡ് വന്ന് ലില്ലിയുടെ മേൽ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ലില്ലിയുടെ താടിയെല്ലിന് ഗുരുതര പരിക്കേറ്റെന്നും ഒന്നിലധികം സർജറികൾ ആവശ്യമാണെന്നും അമ്മ ലിൻഡ്സെ ലോഗൻ പറഞ്ഞു.

ലില്ലി തന്‍റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം റിസോർട്ടിലെ റെസ്റ്റോറന്‍റിൽ പിസ്സ കഴിക്കുമ്പോഴാണ് ഒരു പാരാഗ്ലൈഡർ അപ്രതീക്ഷിതമായി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മകൾ തെറിച്ച് നിലത്തേക്ക് വീണു. പിന്നാലെ അവൾ ബോധരഹിതയായി. ലില്ലി മരിച്ചുപോയെന്നാണ് ഞാൻ കരുതിയത്, അമ്മ പറഞ്ഞു. ഇടിയേറ്റ് ലില്ലിയുടെ താടിയെല്ല് പൊട്ടിയിരുന്നു. നാക്ക് മുറിഞ്ഞു, നട്ടെല്ലിൽ നാല് പൊട്ടലുകളുമുണ്ടായി.

ലില്ലിയ്ക്ക് തലച്ചോറിൽ രക്തസ്രാവമുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. തലയ്ക്ക് ഗുരുതരമായ പരിക്കുകളില്ലെന്നും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. ലില്ലിയുടെ സഹോദരി 19കാരി മേഗനെയും പാരാഗ്ലൈഡർ തട്ടിയെങ്കിലും കാര്യമായ പരിക്കേറ്റിരുന്നില്ല.

അതേസമയം ലോഗൻ യാത്രാ ഇൻഷുറൻസ് എടുത്തിരുന്നില്ല, അതിനാൽ ലില്ലിയുടെ ചികിത്സയ്ക്ക് ഭീമമായി തുക ആവശ്യമാണ്. നിലവിൽ 7,200 പൗണ്ട് ചികിത്സയ്ക്കായി ചിലവായി. ശസ്ത്രക്രിയക്കും മറ്റ് ചികിത്സയ്ക്കും 45,000 പൗണ്ട് അധികമായി നൽകേണ്ടിവരും. ഈ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ലില്ലിയുടെ കുടുംബം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top