Posted By Nazia Staff Editor Posted On

expats in Kuwait cheated Gulf Bank:കുവൈത്തിലെ ബാങ്കിൻ്റെ 700 കോടി തട്ടി മലയാളികൾ; അന്വേഷണവുമായി അധികൃതർ കേരളത്തിൽ

expats in Kuwait cheated Gulf Bank; കൊച്ചി: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികൾ. ബാങ്കിൻ്റെ 700 കോടി രൂപയോളം തട്ടിയ സംഭവത്തിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരിൽ 700 ഓളം പേർ നഴ്സുമാരാണ്. കേരളത്തിലേക്കും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും വായ്പയെടുത്തവർ കടന്നുവെന്നാണ് കുവൈത്ത് ബാങ്ക് അധികൃതർ സംസ്ഥാന പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകൾ രജിസ്റ്റ‍ർ ചെയ്തു. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകി. ദക്ഷിണ മേഖലാ ഐജി അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്
https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

2020-22 കാലത്താണ് ബാങ്കിൽ തട്ടിപ്പ് നടന്നത്. കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരുമാണ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയത്. ആദ്യം ബാങ്കിൽ നിന്ന് ചെറിയ തുക വായ്പയെടുത്ത് ഇത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്കോർ ഉയർത്തിയ ശേഷം പ്രതികൾ വലിയ തുക വായ്പയെടുത്ത് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് കുവൈത്ത് ബാങ്ക് അധികൃത‍ർ അന്വേഷണം തുടങ്ങിയത്. തട്ടിപ്പ് നടത്തിയവരിൽ കുറച്ചേറെ പേർ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ബാങ്ക് കേരളത്തിലെത്തി പൊലീസിലെ ഉന്നതരെ കണ്ടത്.

ആദ്യം ഡിജിപിയെയും പിന്നീട് എഡിജിപിയെയും ബാങ്ക് അധികൃതർ കണ്ടു. നവംബർ അഞ്ചിന് എഡിജിപി മനോജ് എബ്രഹാമിന് രേഖാമൂലം പരാതി നൽകി. പ്രതികളുടെ വിലാസമടക്കമാണ് പരാതി നൽകിയത്. ഇത് പ്രകാരം അന്വേഷണം നടത്തിയാണ് 10 പേർക്കെതിരെ കേസെടുത്തത്. കുറ്റകൃത്യം നടന്നത് കേരളത്തിലല്ലെങ്കിലും വിദേശത്ത് കുറ്റകൃത്യം നടത്തി ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന പൗരന്മാർക്കെതിരെ കേസെടുക്കാൻ നിയമപരമായി സാധിക്കും. ബാങ്കിനെ കബളിപ്പിച്ചെന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം, കോട്ടയം ജില്ലക്കാരായ 10 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആദ്യം തട്ടിപ്പ് നടത്തിയവർ വഴി പഴുത് മനസിലാക്കി കൂടുതൽ മലയാളികൾ ബാങ്കിനെ പറ്റിച്ചുവെന്നാണ് നിഗമനം. ഇതിന് പിന്നിൽ ഏജൻ്റുമാരുടെ ഇടപെടൽ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *